കുമരകത്ത് നിയന്ത്രണംവിട്ട കാർ കൈപ്പുഴയാറ്റിലേക്ക് മറിഞ്ഞു..രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം…

കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് വീണുണ്ടായ അപകടത്തിൽ 2 മരണം . ഒരു കുഞ്ഞ് കാറിലുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരാണ് മരിച്ചതെന്നാണ് വിവരം.കാറിന്റെ നിയന്ത്രണം തെറ്റിയതാകാം അപകടത്തിന് കാരണമെന്നാണ് സംഭവ സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സർവീസ് റോഡ് വഴി വന്നപ്പോഴാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്റെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോളേക്കും കാർ വെള്ളത്തിൽ മുങ്ങിത്താണിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് കാർ ആറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button