കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ….
കുന്നംകുളം വൈശേരിയില്‍ യുവാവിനെ ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറളയം സ്വദേശികളായ ചെറുശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, പാറമേല്‍ വീട്ടില്‍ ലിയോ പി വര്‍ഗീസ്, ചിറയത്ത് വീട്ടില്‍ അജിത്ത് എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം വൈശേരി സ്വദേശി പുളിപ്പറമ്പില്‍ വീട്ടില്‍ ജിനീഷിനെ (25) യാണ് ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 20 ന് നടന്ന ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം ഉത്സവത്തിനിടെ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനു നേരേ ആക്രമണം ഉണ്ടായതെന്നാണ് പരാതി. ഉത്സവത്തിനിടയില്‍ ചിറളയം സ്വദേശി ഷൈന്‍ സി ജോസ് ഉള്‍പ്പെടെ അഞ്ചുപേരെ ആക്രമിച്ച കേസിലെ പ്രതിയാണ് മര്‍ദനമേറ്റ ജിനീഷ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടതിനുശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.