കുതിപ്പിനൊരുങ്ങി വിഴിഞ്ഞം തുറമുഖം; ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖം…
ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തിൽ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും. പി.പി.പി. മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖനിർമാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപ. പൂർണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
അടുത്തഘട്ടത്തിൽ തുറമുഖ വികസനത്തിനായിമാത്രം അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുടക്കും. നിലവിൽ ഒരേസമയം, രണ്ട് കപ്പലുകൾക്ക് അടുക്കാനാകുന്ന 800 മീറ്റർ ബെർത്താണ് നിലവിലുള്ളത്. അടുത്തഘട്ടത്തിൽ അഞ്ചു വലിയ കപ്പലുകൾക്ക് ഒരേസമയം ബെർത്ത് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ആവിഷ്കരിക്കുന്നത്. ഈ വർഷംതന്നെ രണ്ടുംമൂന്നുംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്നും 2028-ൽ പ്രവർത്തനസജ്ജമാകുമെന്നുമാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കുൾപ്പെടെ വൻ മുടക്കുമുതൽ വിഴിഞ്ഞത്ത് എത്തും. ലോജിസ്റ്റിക് ഹബ്ബ്, ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ്, എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾപ്പെടെ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികളും വിഴിഞ്ഞത്ത് വരും.