കുട്ടികളുടെ സുരക്ഷക്ക് വേണ്ടി സ്കൂൾ ബസിന്‍റെയും കെട്ടിടത്തിന്‍റേയും ഫിറ്റ്നസ് ഉറപ്പാക്കണം…യോഗം വിളിച്ച് മന്ത്രി..
തിരുവനന്തപുരം: ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്.