കുടുങ്ങിയത് ‘മികച്ച വില്ലേജ് ഓഫിസർ’… പിടിക്കാനെത്തിയത് കൈക്കൂലിക്കേസിൽ… കുടുങ്ങിയത്…
കൈക്കൂലി വാങ്ങുന്നു എന്ന പരാതി പരിശോധിക്കാനെത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് അതിലും വലിയ സംഭവം. അഞ്ച് വർഷത്തോളമായി കടുത്തുരുത്തി വില്ലേജ് ഓഫിസറായി തുടരുന്ന സജി ടി. വർഗീസ് വില്ലേജ് പരിധിയിൽ മണ്ണെടുക്കുന്നതിനും കല്ല് വെട്ടുന്നതിനും പണം വാങ്ങി അനുമതി നൽകുന്നതായി വിജിലൻസിന് രണ്ട് മാസം മുൻപ് പരാതി ലഭിച്ചിരുന്നു.ഏതാനും ആഴ്ച മുൻപ് മണ്ണെടുക്കുന്നതിന് 10,000 രൂപ കൈക്കൂലി ചോദിച്ചതോടെ വിജിലൻസിന്റെ മുൻപിൽ വീണ്ടും പരാതി എത്തി. രണ്ടാഴ്ചയിലേറെയായി വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വില്ലേജ് ഓഫിസ്. ഇതിനിടയിൽ വില്ലേജ് ഓഫിസർക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും കടുത്തുരുത്തി വില്ലേജിൽ തന്നെ തുടരുന്നതും വിജിലൻസ് നിരീക്ഷിച്ചു.കഴിഞ്ഞ ദിവസം വിജിലൻസ് സംഘം വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തിയതോടെയാണ് ഗുരുതരമായ തട്ടിപ്പ് കണ്ടെത്താനായത്. ദുരിത കാലത്ത് ജനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക വില്ലേജ് ഓഫിസർ കൈക്കലാക്കിയ ഗുരുതരമായ തട്ടിപ്പ്. കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവർത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുൻപ് മികച്ച വില്ലേജ് ഓഫിസർ എന്ന പുരസ്കാരം നൽകി ആദരിച്ച ആളാണ് സജി.ടി. വർഗീസ്