കിണറ്റിൽ വീണു യുവാവ് മരിച്ച സംഭവം…….പാലിക്കുക ഫയർ ഫോഴ്സിൻ്റെ നിർദ്ദേശങ്ങൾ…..
തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കിണറ്റിന്റെ പടവുകൾ ഇറങ്ങിച്ചെന്ന യുവാവ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആയിരുന്നു മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. കിണറ്റിലേക്ക് നാല് പടി ഇറങ്ങിയപ്പോഴേക്കും അൻസർ കുഴഞ്ഞ് വീഴുകയായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇത്തരം അപകടങ്ങളിൽ അശ്രദ്ധയാണ് വലിയ വില്ലനാകുന്നത്. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാൻ കർശനമായ ഫയർഫോഴ്സ് നിർദേശങ്ങൾ പാലിക്കണമെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ വിഭാഗം ഡയറക്ടർ എം നൌഷാദ് പറഞ്ഞത് .ശ്രദ്ധിക്കുക, വേനൽ കാലമായതിനാൽ പലരും വൃത്തിയാക്കാനും മറ്റുമായി കിണറ്റിൽ ഇറങ്ങുന്നത് സാധാരണമാണ്. പലവട്ടം ആവർത്തിച്ചാലും വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് ദൌർഭാഗ്യകരമാണ്. കിണറ്റിൽ ഇറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ എടുക്കണം. അറുപത് അടിയിൽ കൂടുതലുള്ള കിണറ്റിൽ ഇറങ്ങുമ്പോൾ കിണറ്റിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണം. ഇതിനായി പലപ്പോഴും പറഞ്ഞത് പോലെ തീ കത്തിച്ച് കിണറ്റിന്റെ അടിഭാഗത്ത് വരെ കെടാതെ നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അതുപോലെ വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ ഇറങ്ങരുത്. ഫാൻ കെട്ടിത്തുക്കിയോ മറ്റോ അകത്ത് വായു സഞ്ചാരം ഉറപ്പാക്കാൻ ശ്രദ്ധിക്കണം. കിണറ്റിലേക്ക് ഇറങ്ങുമ്പോൾ, മുകളിൽ ആളുകൾ ഉള്ളപ്പോൾ മാത്രം ഇറങ്ങുക. മുകളിലുള്ളവർക്ക് വലിച്ച് കയറ്റാൻ തക്കവണ്ണം ശരീരം മറ്റൊരു കയറിൽ ബന്ധിപ്പിച്ചിടണം. ഏത് സഹായത്തിനും സമയം വൈകിപ്പിക്കാതെ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.