കിട്ടിയതിനേക്കാൾ കൊടുത്തിട്ടുള്ളവനാണ് സുരേഷ് ഗോപി: ജി.വേണുഗോപാൽ
സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ. ഫോണിലൂടെയുള്ള എൻ്റെ ചോദ്യത്തിന് സാക്ഷാൽ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ… “വേണൂ, എൻ്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”
“ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു….” ഗായകൻ ജി.വേണുഗോപാൽ പറയുന്നു. ‘പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണ്ണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.
സുരേഷ് ഗോപിയുമായുള്ള സൗഹൃദവും, ചില ഓർമ്മക്കുറിപ്പുകളും ഫെയ്സ് ബുക്കിലൂടെ പങ്കു വയ്ക്കുകയാണ് ജി.വേണുഗോപാൽ. ആ കുറിപ്പിൻ്റെ പൂർണരൂപം….!
മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.
പത്ത് വർഷങ്ങൾക്ക് മുൻപ് നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. ” ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല” എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രി പദവി ഒരു തളികയിൽ വച്ചുനീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. “ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി”.