കിട്ടാനുള്ളത് പത്തുകോടിയിലധികം….ആദിവാസികളുടെ വീട് നിർമാണം പാതിവഴിയിൽ നിലച്ചു….
ജില്ലയിൽ ലൈഫ് പദ്ധതി പ്രകാരം വീടുവെച്ച പട്ടികവർഗ കുടുംബങ്ങൾക്ക് കിട്ടാനുള്ളത് പത്തുകോടിയിലധികം രൂപ. കെട്ടിടനിർമാണം പാതിവഴിയിലായതോടെ കുടുംബങ്ങൾ അനുഭവിക്കുന്നത് നരകയാതന. ഉണ്ടായിരുന്ന കുടിലുകൾ പൊളിച്ചുമാറ്റിയാണ് കിട്ടിയ പണംകൊണ്ട് ലൈഫ് പദ്ധതിയിൽ വീടുപണി തുടങ്ങിയത്. ഒന്നും രണ്ടും ഗഡുക്കൾ കിട്ടി. ലിന്റിൽമട്ടം പണി പൂർത്തിയായി. പിന്നീടിങ്ങോട്ട് നാലുവർഷമായി പണം ലഭിക്കുന്നില്ല.
ടാർപ്പോളിൻ വളച്ചുകെട്ടി വെറും നിലത്താണ് കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. നാലുവർഷത്തോളമായി ഈ പാവങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു.
10.85 കോടി രൂപയിലേറെയാണ് 2021 മുതൽ 2024 വരെ കാലയളവിനുള്ളിൽ ആദിവാസി കുടുംബങ്ങൾക്ക് കിട്ടാനുള്ളത്. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹൻ ത്രിവേണി നൽകിയ വിവരാവകാശ രേഖയിലാണ് കോടികളുടെ കടമുണ്ടെന്ന വിവരം പുറത്തായത്. ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന പെരിങ്ങമ്മല, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിലെ വിവരങ്ങൾ നൽകിയിട്ടില്ല. ഇതുകൂടി പുറത്തുവന്നാൽ തുക ഇതിന്റെ ഇരട്ടിയാകും.
കഴിഞ്ഞ നാലുവർഷമായി സർക്കാർ ലൈഫ് പദ്ധതിയിൽ 504 വീടുകളാണ് അനുവദിച്ചത്. ഇതിൽ 25-ലധികം വീടുകൾ മാത്രമാണ് നിർമാണം പൂർത്തിയാക്കാനായത്. അതാകട്ടെ സ്വന്തം കീശയിലെ കാശ് മുടക്കിയും കിട്ടാവുന്നിടത്തുനിന്നെല്ലാം വട്ടിപ്പലിശയ്ക്ക് കാശെടുത്തുമാണ് മേൽക്കൂര വാർത്ത് കിടപ്പാടം ഒരുക്കിയത്.
ശേഷിക്കുന്ന ആദിവാസികൾ പട്ടികവർഗ സങ്കേതങ്ങളിൽ ഇപ്പോഴും അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് കുടിലുകളിൽ അഭയം കണ്ടെത്തുകയാണ്.
അടിസ്ഥാനവർഗത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി അർഹരായവർക്ക് കുടിശ്ശികത്തുക നൽകിയില്ലെങ്കിൽ ജില്ലാ ഓഫീസുകൾക്കു മുൻപിൽ സമരം തുടങ്ങുമെന്ന് ആദിവാസികൾ പറയുന്നു.