കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ…
തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിക്ക് ഓട്ടമുണ്ടായത് കൊണ്ടാണ് വീട്ടിലേക്ക് വരാൻ പറ്റാത്തതെന്നാണ് ചോദ്യം ചെയ്യലിൽ അജിത്ത് നൽകിയ മറുപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അച്ഛനെ ഉപേക്ഷിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ കൂടി പിന്നീട് ഉൾപ്പെടുത്തി. മകൻ ഉപേക്ഷിച്ച അച്ഛന്റെ വാർത്ത പുറത്ത് വന്നതോടെ സഹോദരനെത്തി ഏറ്റെടുക്കുകയായിരുന്നു. അച്ഛനെ ഏറ്റെടുക്കാൻ രണ്ട് പെൺമക്കളും വിസമ്മതിച്ചിരുന്നു.
എറണാകുളം എരൂരിലാണ് കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞത്. എഴുപത് പിന്നിട്ട ഷൺമുഖൻ ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ചാണ് വീട്ടിൽ കഴിഞ്ഞത്. വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ടതോടെയാണ് കിടപ്പിലായത്.മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. മാസങ്ങളായി വാടക കുടിശ്ശികയായതോടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാൽ വാടകവീട്ടിൽ അച്ഛനെ ഉപേക്ഷിച്ചായിരുന്നു അജിത്ത് കടന്ന് കളഞ്ഞത്. വിവരമറിഞ്ഞ വീട്ടുടമസ്ഥൻ തൃപ്പൂണിത്തുറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.