കാറ്റിലും മഴയിലും തെങ്ങ് വീണ് യുവാവ് മരിച്ചു
മാവേലിക്കര- കായംകുളം പെരിങ്ങാല വില്ലേജിൽ കൊയ്പ്പള്ളികാരാണ്മ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലൻ – ജയശ്രി ദമ്പതികളുടെ മകൻ ഡി.അരവിന്ദ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45ന് വീട്ടുമുറ്റത്ത് കൈ കഴുകിക്കൊണ്ടു നിൽക്കവെ വീടിൻ്റെ പുറക് ഭാഗത്ത് നിന്നിരുന്ന തെങ്ങ് കാറ്റത്ത് മറിഞ്ഞു തലയിൽ വീണാണ് അപകടം ഉണ്ടായത്.
ഉടൻതന്നെ തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബി.ടെക് ബിരുദധാരിയാണ് മരിച്ച് അരവിന്ദ്. അവിവാഹിതനാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കായംകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ബി.ടെക് ബിരുദധാരിയായ അരവിന്ദ് കൊച്ചി റിഫൈനറിയിൽ നാല് വർഷം ജോലി ചെയ്ത ശേഷം മടങ്ങിയതായിരുന്നു. പിന്നീട് വീട്ടുകാർ പരമ്പരാഗതമായി നടത്തുന്ന പൊടിമില്ലിൽ അച്ഛനെ സഹായിക്കാൻ ചേർന്നു. ഒപ്പം ഇലക്ട്രിക്കൽ സാധനങ്ങളുടെ റിപ്പയറിംഗ് ജോലിയും വീട്ടിൽ തന്നെ ചെയ്തുവരികയായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് നടക്കും. സഹോദരി- ഐശ്വര്യ.