കാറിൽ രണ്ട് കോടി രൂപയുമായി ബിജെപി പ്രവർത്തകർ പിടിയിൽ….

നിയമവിരുദ്ധമായി കാറിൽ വൻ തുക കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയെയും മറ്റ് രണ്ട് പേരെയും പിടികൂടി. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം നടത്തിയ പരിശോധനയിലാണ് ഇവ‍ർ പിടിയിലായതെന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് പരിശോധന സംഘം നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ബിജെപി ഭാരവാഹികളെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി. പണത്തിന്റെ ഉറവിടം നിയമവിധേയമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി നിയമലംഘനമില്ലെന്ന് അവ‍ർ അറിയിക്കുകയായിരുന്നു.

അതേസമയം തെര‌ഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം അനുസരിച്ച് പാർട്ടി ഘടകങ്ങൾക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും കൊടുക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള തുക, ചെക്കായോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ നൽകണം. വലിയ തുക പണമായി കൊണ്ടുനടക്കുന്നതിനും വിലക്കുണ്ട്. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.

Related Articles

Back to top button