കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം…ഒടുവിൽ വിശദീകരണവുമായി എംവിഡി….
കണ്ണൂർ: പയ്യന്നൂരിൽ കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ മൂന്ന് മാസത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം വന്നു. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനാണ്. രാത്രിയായതിനാൽ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല,സാങ്കേതിക പ്രശ്നവുമല്ലെന്നാണ് വിശദീകരണം. കാറുടമയും പൊലീസിൽ പരാതി നൽകിയിരുന്നു.
ഇല്ലാക്കഥകൾ പലതും പ്രചരിച്ച ചിത്രം സെപ്തംബർ മൂന്നിന് രാത്രി എട്ടരയ്ക്ക് ആണ് റോഡ് ക്യാമറയിൽ പതിഞ്ഞത്. കാറിൽ ഡ്രൈവർ ആദിത്യൻ, മുൻ സീറ്റിൽ അമ്മയുടെ സഹോദരിയും പുറകിലെ സീറ്റിൽ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളും ആണ് ഉണ്ടായിരുന്നത്. പിന്നെവിടുന്നു വന്നു വണ്ടിയിലില്ലാത്ത ഒരു സ്ത്രീയുടെ ചിത്രമെന്നായിരുന്നു സംശയം. ദുരൂഹ ചിത്രം പതിഞ്ഞതിന് ശേഷം കേളോത്തെ റോഡ് ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും പ്രചാരണമുണ്ടായിരുന്നു. അത് ശരിയല്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.