കായംകുളത്ത് പൊലീസിന്‍റെ അഴിഞ്ഞാട്ടം…..അർധരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടി പൊളിച്ചു…

കായംകുളം: ആലപ്പുഴ കായംകുളത്ത് പൊലീസ് അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന്‍റെ വാതിൽ ചവിട്ടിപ്പൊളിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് നേതാവ് റിയാസിനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം അർധരാത്രി വീടിന്‍റെ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറിയെന്നാണ് പരാതി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട സമരത്തിൽ കഴിഞ്ഞ ദിവസം പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ കേസെടുത്തതിന് പിന്നാലെ ആയിരുന്നു പൊലീസ് നടപടി..
ഒരു പൊതുപ്രവർത്തകനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് യാതൊരു മര്യാദയും പാലിച്ചില്ലെന്ന് റിയാസിന്‍റെ കുടുംബം പറയുന്നു.കുട്ടികളെയടക്കം ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്ന് റിയാസിന്‍റെ ഭാര്യ സഹാനയും പറയുന്നു.
ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്തുകോൺഗ്രസ് പ്രവർത്തകർ സമരത്തിലായിരുന്നു. നിരാഹാരമിരുന്നവരെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർക്കും യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. റിയാസ് ഉൾപ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പൊലീസിൽ ക്രിമിനലുകൾ ഉണ്ടെന്നും അവരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കായംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായാണ് വിവരം. എന്നാൽ കതക് പൊളിച്ചു എന്നത് അടക്കം പരാതികൾ കായംകുളം പൊലീസ് പൂർണ്ണമായി തള്ളി.

Related Articles

Back to top button