കാമുകൻ്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി മോഷണം….പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ….
കാമുകൻ്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഷീജയുടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളായ സ്വാമിനാഥനെയും പ്രേമകുമാരിയെയുമാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭര്‍ത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സദാനന്ദനെ വീട്ടിൽ കാര്യസ്ഥനായി നിര്‍ത്താനും ഭര്‍തൃ വീട്ടുകാരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും വേണ്ടിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചത്.