കാമുകനൊപ്പം മാസങ്ങളോളം ഒരുമിച്ച് താമസിച്ചു.. തിരുവല്ലയിലെ തട്ടിക്കൊണ്ടുപോകൽ പരാതിയിൽ കൂടുതൽ വിവരങ്ങൾ…
തിരുവല്ല: തിരുവല്ലയിൽ കഴിഞ്ഞ ദിവസം ഭാര്യയെയും മൂന്ന് വയസ്സുള്ള മകളെയും മാരകായുധങ്ങളുമായി വന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന തിരുമൂലപുരം സ്വദേശിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുടെ ആൺ സുഹൃത്ത് ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദ് സുഹൃത്തുക്കളുമായെത്തി ഭാര്യയേയും മകളേയും തട്ടിക്കൊണ്ടുപോയി എന്നായിരുന്നു യുവാവിന്റെ പരാതി. ഒരു രാത്രിയും പകൽ ഉച്ചവരെയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ കണ്ടെത്തിയതോടെയാണ് തട്ടിക്കൊണ്ടുപോകലല്ല, ഒളിച്ചോട്ടമാണ് നടന്നതെന്ന് പൊലീസിന് വ്യക്തമായത്.
യുവതി തിങ്കളാഴ്ച രാവിലെ മകളുമായി പ്രിന്റുവിനൊപ്പം പോവുകയായിരുന്നു. കുറ്റൂരിലെ സ്വകാര്യ കമ്പനിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഇരുവരും മാസങ്ങളോളം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഏതാനും മാസംമുമ്പ് കണ്ണൂർ ചേളകത്ത് കാമുകനൊപ്പം കഴിയുന്നതിനിടെ പോലീസ് ഇടപെട്ട് ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു. ഭാര്യ സ്വമേധയാ പോയതാണെന്ന് പറഞ്ഞാൽ പോലീസ് ഇടപെടൽ ഊർജിതമാകില്ലെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയതെന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെ യുവതിയെയും കുട്ടിയെയും കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നറിയിച്ചതോടെ യുവതിയെയും കുഞ്ഞിനെയും പ്രിന്റുവിനൊപ്പം വിട്ടയച്ചു.