കാഫിര്‍ സ്ക്രീൻഷോട്ട്..കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം…
വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. വടകര പൊലീസ് ഇൻസ്പെക്ടർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് മുൻപ് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിര്‍ദേശം.
ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുള്ള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കുറ്റ്യാടി മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതികയുടെ മൊഴി എടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.