കാപ്പ നിയമപ്രകാരം അറസ്റ്റിൽ….
മലയിൻകീഴ്: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സിൽ പ്രതിയുമായ മലയിൻകീഴ് മഞ്ചാടി മൂഴിനട അയ്യപ്പ ക്ഷേത്രത്തിനു സമീപം ധനുഷ് വീട്ടിൽ ധനുഷ് എന്നുവിളിക്കുന്ന വിന്ധ്യൻ(38) അറസ്റ്റിൽ. ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിൽ പ്രതിയായതോടെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഇയാൾക്കെതിരെ ജില്ലാ കളക്ടർ ജറോമിക് ജോർജിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 2006 മുതൽ ഇയാൾ തിരുവനന്തപുരം സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങൾ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ്. ജാമ്യത്തിലിറങ്ങിയ ശേഷവും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന പ്രതി പൊതുജനങ്ങൾക്ക് പേടി സ്വപ്നമായിരുന്നു. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെയും അമ്മയെയും ആക്രമിച്ച് പരിക്കേല്പിച്ച കേസിലും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മോഷണ കേസിലും പ്രതിയായി അടുത്തിടെ വിന്ധ്യൻ വീണ്ടും ജയിലിലായി. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നിർദ്ദേശപ്രകാരം മലയിൻകീഴ് പോലീസ് ഇൻസ്പെക്ടർ നീസ്സാമുദീൻ, ഗ്രേഡ് എസ് ഐ ശശികുമാർ എന്നിവർ കാപ്പ നിയമപ്രകാരം ജില്ലാ ജയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി.