കാനിൽ തിളങ്ങിയ മലയാളി താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി..ആഘോഷപരിപാടികൾ ഒഴിവാക്കി….
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി അഭിനേതാക്കളെ സംസ്ഥാന സർക്കാർ ആദരിച്ചു.ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെയാണ് സർക്കാർ ആദരിച്ചത്. അതിഥികളൊക്കെയായി ഇന്ന് തിരവനന്തപുരത്ത് ആഘോഷമായി നടത്താനിരുന്ന ഉദ്ഘാടന പരിപാടി കുവൈറ്റ് ദുരന്തത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു.
തുടർന്ന് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് താരങ്ങൾക്കൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു. 30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായിരുന്നു പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.