കാനഡയിൽ ചൂതാട്ടത്തിന്റെ പേരിൽ ഭാര്യയെ കൊന്ന് കടന്ന് കളഞ്ഞു.. പ്രതിയെ തേടി കേരള പൊലീസ്…
ചാലക്കുടി സ്വദേശിയായ ഡോണയെ കാനഡയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ലാൽ കെ പൗലോസിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. കാനഡയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം.ചാലക്കുടി പാലസ് റോഡിൽ പടിക്കല വീട്ടിൽ സാജന്റെയും ഫ്ലോറയുടെയും മകളായ ഡോണയെ കഴിഞ്ഞ ആഴ്ചയായിരുന്നു കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ലാൽ ഒളിവിൽ പോയിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചത്.
ലാലിനെ കണ്ടെത്താനായി കനേഡിയൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്‌തു. അന്വേഷണത്തിൽ ഇയാൾ ഇന്ത്യയിലേയ്ക്കു കടന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരക്കോടി രൂപയും പിൻവലിച്ചിട്ടുണ്ട്.മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.