കാത്തിരിപ്പിൻറെ അഞ്ചാം നാളിൽ അര്‍ജ്ജുൻ്റെ കുടുംബം….ഷിരൂരിലെ തിരച്ചിലിൽ അതൃപ്തിയെന്ന് സഹോദരിമാര്‍…

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിൽ തൃപ്തരല്ലെന്ന് കുടുംബം. ഇന്നലെ രാത്രി തന്നെ അര്‍ജ്ജുനെ കണ്ടെത്താനാവുമെന്നായിരുന്നു പ്രതീക്ഷ. കാര്യമായ തിരച്ചിലൊന്നും അവിടെ നടക്കുന്നില്ല. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. 17ാം തീയതിയും രാവിലെയും ഉച്ചയ്ക്കുമെല്ലാം ഇവിടെ നിന്ന് പോയവര്‍ പൊലീസിനോട് ആവ‍ർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്ന് അര്‍ജ്ജുൻ്റെ സഹോദരി പറഞ്ഞു. അർജുന്റെ കുടുംബം ബന്ധപ്പെടാൻ വൈകി എന്ന ഉത്തര കന്നട ജില്ലാ പൊലീസ് മേധാവിയുടെ വാദം കുടുംബം തള്ളി. സംഭവം നടന്ന ദിവസം തന്നെ പൊലീസിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു.

പിറ്റേ ദിവസം (ബുധൻ) രണ്ടു തവണ അങ്കോള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ബന്ധുക്കൾ പരാതി നൽകി. എഫ്ഐആർ ഇടാൻ പോലും പൊലീസ് തയാറായില്ല. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്ഐആര്‍ ഇട്ടില്ല. എസ്പി പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. കുറച്ച് കൂടെ നേരത്തെ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബുധനാഴ്ച തന്നെ ചേവായൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നെന്ന് അർജുന്റെ സഹോദരിമാർ പറഞ്ഞു. അതേസമയം അര്‍ജ്ജുനെ കാണാതായ മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ ഇന്നത്തെ തിരച്ചിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. രാവിലെ അഞ്ചരയ്ക്ക് തുടങ്ങുമെന്ന് പറഞ്ഞ തിരച്ചിലാണ് ആറരയായിട്ടും ആരംഭിക്കാത്തത്. റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ തുടങ്ങിയിരുന്നു. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരുന്നത്. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.

Related Articles

Back to top button