കാണാതായ മകനെ തിരക്കി പിതാവ് റെയില്‍വേ സ്റ്റേഷനില്‍.. തട്ടിക്കൊണ്ടുപോയ ആള്‍ക്കൊപ്പം കൈയോടെ പിടിച്ചു…

കോഴിക്കോട്: അഞ്ചുദിവസം മുമ്പ് കാണാതായ മകനെ പിതാവിന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകാരനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിതാവിന് തിരിച്ചുകിട്ടിയത് അതും കുട്ടിയെ കടത്തിക്കൊണ്ടുപോയ ആള്‍ക്കൊപ്പം. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതായതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം തുടങ്ങിയത്. കല്‍പ്പകഞ്ചേരി സ്റ്റേഷനില്‍ പരാതിയും നല്‍കി.

ഇന്നലെ തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് പിതാവ്. സ്റ്റേഷന് മുന്നില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അയാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കുട്ടിയേ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് രക്ഷിതാവ് അയാളെ പിന്തുടരുകയും ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. ടൗണ്‍ പോലീസ് എത്തി കാസര്‍ക്കോഡ് ചെങ്കള സ്വദേശിയായ അബ്ബാസിനെ കസ്റ്റഡിയില്‍ എടുക്കുകയും കല്‍പ്പകഞ്ചേരി പോലീസിന് കൈമാറുകയും ചെയ്തു.

18ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുളള സുഹൃത്തിന്റെ വീട്ടില്‍ എത്തിയ കുട്ടി അവിടെ നിന്ന് പിറ്റേ ദിവസം വീട്ടിലേക്ക് പോകുന്ന വഴിയാണ് ട്രെയിനില്‍ വെച്ച് ഇയാള്‍ കടത്തിക്കൊണ്ട് പോയത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുട്ടിയെ അറിയില്ലെന്നും പിന്നീട് ട്രെയിനില്‍ വച്ച് കണ്ടിട്ടുണ്ടെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ മറ്റ് എവിടേയും കേസുകള്‍ ഉള്ളതായോ നേരത്തെ ഏതെങ്കിലും കേസില്‍പ്പെട്ടതായോ വിവരമില്ല. ഇയാള്‍ കുട്ടിയെ ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്തിട്ടോ എന്നറിയാന്‍ കുട്ടിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കല്‍പകഞ്ചേരി പോലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മറ്റുവകുപ്പുകള്‍ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button