കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോൺ വിളിച്ചു….ഉദ്യോഗസ്ഥൻ്റെ മറുപടി ഇതാണ്…
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് ഫോൺചെയ്ത നാട്ടുകാരന് വിചിത്ര മറുപടി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇടുക്കി കാന്തല്ലൂരിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിളിച്ചപ്പോഴാണ് വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും മറുപടി നൽകിയത്.
കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ്
പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.