കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ..ഭീകരൻ കൊല്ലപ്പെട്ടു…
കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ജമ്മു കശ്‌മീരിലെ തീവ്രവാദികളെ തകർക്കാനും സുഗമവും അപകടരഹിതവുമായ അമർനാഥ് യാത്ര ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്‌ച സുരക്ഷാ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.കേന്ദ്രത്തിൽ നിന്നുള്ള ഉറച്ച ഉത്തരവിൻ്റെ വെളിച്ചത്തിൽ, സുരക്ഷാ സേന വരും ദിവസങ്ങളിൽ ജമ്മു കശ്‌മീരിൽ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് കടുത്ത തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് വിവരം.