കളക്ടർ മാമനോട് പരാതി… പിന്നാലെ ഓടിയെത്തി മാമനും….
ആലപ്പുഴ കളക്ടറോട് ഒരു കൊച്ചു കുട്ടി പരാതി പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തങ്ങളുടെ പരാതി പരിഹരിച്ചില്ലെന്നും അത് ഉടൻ പരിഹരിക്കാൻ മാമനോട് അപേക്ഷിക്കുന്നു എന്നും പറയുന്ന വീഡിയോയാണിത്.ഇത് ശ്രദ്ധയിൽ പെട്ടതോടെ പെൺകുട്ടിയെ നേരിട്ടെത്തി സന്ദർശിച്ചിരിക്കുകയാണ് കളക്ടർ.
ഒരു ചെറിയ പെൺകുട്ടി തന്റെ ശാരീരിക വൈകല്യമുള്ള സഹോദരിക്കൊപ്പമുള്ള വീഡിയോയായിരുന്നു ഇത്. ആലപ്പുഴ കളക്ടർ മാമനോടുള്ള ഒരു പാരതിയാണെന്നാണ് കുട്ടി വീഡിയോയിൽ പറഞ്ഞത്. എന്റെ ചേച്ചിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. മാമൻ ആലപ്പുഴ സബ് കളക്ടറായിരുന്ന സമയത്ത് ഞങ്ങൾ ഒരു പരാതി നൽകിയിട്ട് ഇതുവരെ പരിഹരിച്ചിട്ടില്ല. ചേച്ചിക്കും അപ്പൂപ്പനും എനിക്കും ഒക്കെ സുഖമില്ല മാമാ. മാമന്റെ ഉത്തരവ് ഇതുവരെ അവർ നടപ്പിലാക്കിയില്ല. ചേച്ചിക്ക് വേണ്ടിയിട്ടുള്ള ഒരു അപേക്ഷയാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണം എന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഇത് കണ്ടതോടെയാണ് മോളെ കാണാൻ കളക്ടർ മാമനും ഓടി വന്നത്.
”കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ഫേസ്ബുക്കിൽ മെസേജായും കമൻറായും ഈ മോൾ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടിൽ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സബ് കളക്ടർക്ക് നിർദ്ദേശം നൽകി” എന്ന് കളക്ടർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.