കളക്ടറേറ്റിലെ തെണ്ടികളെയാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്… ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു… സി.പി.ഓയ്ക്ക് പണികിട്ടി…
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഡ്യൂട്ടി നോക്കുന്നതിനുള്ള ഭക്ഷണബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലി ചെയ്യുന്ന സുനിൽകുമാറിനെയാണ് (സുനിൽ മാവടി) ജില്ലാ പൊലീസ് മേധാവി വി. അജിത്ത് സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ വാച്യാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത് കേരള സർക്കാരിന്റെ ഖജനാവിൽ നിന്ന് എടുത്തു കൊടുക്കേണ്ടതല്ല. കേന്ദ്രം ഇലക്ഷൻ കമ്മിഷൻ വക അയച്ചു കൊടുത്തിരിക്കുന്ന എമൗണ്ട് ആണ്. ഇത് ഏതു തെണ്ടിക്കാണ് തടഞ്ഞു വയ്ക്കാൻ അധികാരം. ഇത് തടഞ്ഞു വച്ചിരിക്കുന്ന കളക്ടറേറ്റിലെ തെണ്ടികളെ ആണ് വെളിച്ചത്തു കൊണ്ടു വരേണ്ടത്. ഇതിന് അന്വേഷണ കമ്മിഷനെ കൊണ്ടു വരികയും വേണം എന്നായിരുന്നു വാട്സാപ്പ് പോസ്റ്റ്.
തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സർവൈലൻസ് ടീമിൽ അംഗമായിരുന്നു സുനിൽകുമാർ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാരും നോഡൽ ഓഫീസർമാരുമുള്ള എംഐസിസി സ്‌ക്വാഡ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഭക്ഷണ ബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തിൽ ഏപ്രിൽ 19 ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. സമൂഹ മാധ്യമങ്ങളിൽ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തിൽ ഇട്ട പോസ്റ്റ് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.