കരുണാകരന്‍റെ മകന്‍ എല്ലായിടത്തും ഫിറ്റാണ്….പി കെ കുഞ്ഞാലിക്കുട്ടി….
കരുണാകരൻ്റെ മകന്‍ കെ മുരളീധരന്‍ ഏത് സീറ്റിലും ഫിറ്റാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. സീറ്റില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണ്. രാജ്യസഭ സീറ്റ് തന്നെയാണ് ലീഗിന്റെ ആവശ്യം. വയനാട്ടില്‍ ഏത് കോണ്‍ഗ്രസ് നേതാവ് വന്നാലും ഇപ്പോഴത്തെ വിജയം ലഭിക്കും. ‘ഇന്‍ഡ്യ’ സഖ്യം എല്ലാ കാലത്തും പ്രതിപക്ഷത്ത് ഇരിക്കില്ല. ലീഗിന്റെ രാജ്യസഭ സീറ്റില്‍ തീരുമാനം തങ്ങള്‍ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ കെ മുരളീധരനെ പരിഗണിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് മുരളീധരന് പിന്തുണയുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുക്കുന്നത്. മുരളീധരനെ വയനാട്ടില്‍ പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ അദ്ദേഹം വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. കൂടാതെ മുരളീധരനെ വടകരയില്‍നിന്ന് തൃശ്ശൂരിലേക്ക് മാറ്റിയതില്‍ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം പുകയുന്നുണ്ട്.