കരിങ്കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു…. സ്വമേധയാ കേസെടുത്തു….
തിരുവനന്തപുരം: കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് മുക്കോലയിൽ വെച്ച് അപകടം ഉണ്ടായത്. അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു.