കന്യാകുമാരി-ആരൽവായ്മൊഴി ഇരട്ട റെയിൽപ്പാത..20-ന്പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും…

നാഗർകോവിൽ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കന്യാകുമാരി-ചെന്നൈ ഇരട്ട റെയിൽപ്പാത യാഥാർഥ്യമാകുന്നു. പണി പൂർത്തിയായ നാഗർകോവിൽ ജങ്ഷൻ-ആരൽവായ്മൊഴി,കന്യാകുമാരി-നാഗർകോവിൽ ടൗൺ ഇരട്ട റെയിൽപ്പാതകളുടെ ഉദ്ഘാടനം 20-ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.ആരൽവായ്മൊഴിമുതൽ മധുരവരെയുള്ള ഇരട്ട റെയിൽപ്പാത പണികൾ നേരത്തേ പൂർത്തിയായിരുന്നു. മധുര-മണിയാച്ചി-തൂത്തുക്കുടി 159 കി.മീ. ഒന്നാംഘട്ടമായും, മണിയാച്ചി-തിരുനെൽവേലി-നാഗർകോവിൽ 102 കി.മീ. രണ്ടാംഘട്ടവുമായാണ് പണികൾ നടന്നത്.

കന്യാകുമാരി-ചെന്നൈ ഇരട്ട റെയിൽപ്പാത യാഥാർഥ്യമാകുന്നത്തോടെ 45 മിനിറ്റോളം യാത്രാസമയം കുറയും. 20-ന് നടക്കുന്ന ചടങ്ങിൽ ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ദിവസേന ചെന്നൈയിലേക്കുള്ള വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ കന്യാകുമാരി ജില്ലയിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.ചെന്നൈയിൽനിന്നു പുലർച്ചെ 5.15-ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.10-ന് നാഗർകോവിലിൽ എത്തും. തിരികെ ഉച്ചയ്ക്ക് 2.50-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട്‌ രാത്രി 11.45-ന് ചെെന്നെയിൽ എത്തുമെന്നാണ് പ്രാഥമിക വിവരം. ചെന്നൈ താമ്പരം, ചെങ്കൽപ്പട്ട്, വിഴുപ്പുരം, തിരുച്ചി, ദിണ്ടുക്കൽ, മധുര, കോവിൽപ്പട്ടി, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവുമെന്നാണ് അറിയുന്നത്.

Related Articles

Back to top button