കഥകളി അവതരണം അനുഭവവേദ്യമായി
മാവേലിക്കര- യുവ കലാകാരന്മാർ അവതരിപ്പിച്ച സീതാസ്വയംവരം കഥകളി അവതരണം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. യുവ കലാകാരന്മാരായ കലാമണ്ഡലം സിബി ചക്രബർത്തിയുടെ പരശുരാമനും കലാമണ്ഡലം വിവേകിന്റെ ശ്രീരാമനും അരങ്ങിൽ നിറഞ്ഞാടി.
കാല പ്രമാണങ്ങൾക്ക് അനുസൃതമായി തൃപ്പൂണിത്തുറ അർജുൻ രാജും സദനം പ്രേമനും ഒരുക്കിയ സംഗീതവും ചെണ്ടയിൽ കലാമണ്ഡലം ശ്രീവിനും കലാമണ്ഡലം ഗണേഷും മദ്ദളത്തിൽ കലാമണ്ഡലം അനന്തുശന്കറും കലാമണ്ഡലം റോഷ്വനും ചേർന്ന് ഒരുക്കിയ പശ്ചാത്തലം മികവേറി.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആന്റ് കൾച്ചർ എന്ന സംഘടനയും മാവേലിക്കര കഥകളി ആസ്വാദക സംഘവും സംയുക്തമായാണ് കഥ അരങ്ങിലെത്തിച്ചത്.
കഥകളി മേഖലയിൽ മുദ്ര അസോസിയേഷൻ ഫോർ ആർട്സ് ആന്റ് കൾച്ചർ പ്രവർത്തനങ്ങളെ വിലയിരുത്തി സംഘടനക്ക് ഉപഹാരം നൽകി ആദരിച്ചു. നിഷാമേനോൻ ചെമ്പകശ്ശേരി, മാവേലിക്കര ഗോപകുമാർ, ഹരി ചാക്യാർ, ടി.രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.