കടൽപരിധി ലംഘിച്ച് വീണ്ടും മീൻപിടിത്തം..രണ്ട് ട്രോളർ ബോട്ടുകൾ പിടിച്ചെടുത്തു..ഉദ്യോഗസ്ഥന് പരുക്ക്…

വിഴിഞ്ഞം:പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) കടൽപരിധിയിൽ കയറി മീൻപിടിച്ച സംഭവത്തിൽ രണ്ട് ട്രോളർ ബോട്ടുകളെ പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു.ബോട്ടുകളിലൊന്നിനെ പിൻതുടർന്ന് പിടിക്കുന്നതിനിടയിൽ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ പോലീസുകാരന്റെ വലതു കൈയിലെ മൂന്നുവിരലുകൾ ചതഞ്ഞരഞ്ഞ് ഗുരുതര പരിക്കേറ്റു. ഫിഷറീസ് വകുപ്പിന്റെ വിഴിഞ്ഞത്തുള്ള മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സി.പി.ഒ. ടിജുവിന്റെ (30) വിരലുകളാണ് ചതഞ്ഞത് എല്ലുകൾ പുറത്തേക്ക് കാണുന്ന സ്ഥിതിയിലാണ് പരിക്കുണ്ടായത്.

മറൈൻ ആംബുലൻസിൽ എത്തിയ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ ടിജു ഉൾപ്പെട്ടവർ ബോട്ടിനെ തടഞ്ഞുവെച്ചു. ഈ ബോട്ടിലുള്ളവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബോട്ടിലേക്ക് ചാടിക്കയറിയ ടിജുവിന്റെ കൈ ആംബുലൻസിന്റെയും ബോട്ടിന്റെയും ഇടയിൽ കുടുങ്ങിയാണ് വിരലുകൾ ചതഞ്ഞ് പരിക്കേറ്റത്.കോസ്റ്റൽ പോലീസിലെ സി. പി.ഒ.മാരായ രഞ്ചിത്, അഭിലാഷ്, കോസ്റ്റൽ വാർഡൻ തദയസൂസ്, സ്രാങ്ക് നിസാമുദീൻ എന്നിവർ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റ ടിജുവിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ് തടഞ്ഞുവെച്ച തമിഴ്‌നാട് സ്വദേശിയുടെ ബോട്ടിൽ അതിതീവ്രപ്രകാശം പരത്തുന്ന ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

കടൽപരിധി ലംഘിച്ച് മീൻപിടിച്ച കൊല്ലം സ്വദേശിയുടെ ബോട്ടും പിടിച്ചെടുത്തു എന്ന് വിഴിഞ്ഞം അസി. ഡയറക്ടർ എസ്.രാജേഷ് പറഞ്ഞു.മറൈൻ എൻഫോഴ്‌സ്‌മെന്റും വിഴിഞ്ഞം കോസ്റ്റൽ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. സി.പി.ഒ. അഭിലാഷ്, ലൈഫ് ഗാർഡുകളായ പ്രദീപ്, റോബിൻസൺ, മനോഹരൻ എന്നിവരുമാണ് ബോട്ടുകളെ പിടികൂടിയത്.

Related Articles

Back to top button