കടൽക്ഷോഭത്തിന് കാരണം കള്ളക്കടൽ..എന്താണ് കള്ളക്കടൽ ?…
സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കടലാക്രമണത്തിന് പിന്നിൽ കള്ളക്കടൽ പ്രതിഭാസമെന്നും ആശങ്ക വേണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ എന്നു പറയുന്നത്. സാധാരണയായി കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം .
എന്നാൽ ഇതു രണ്ടുമില്ലാതെയുണ്ടാകുന്ന പ്രതിഭാസമാണ് കള്ളക്കടൽ. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയായിരിക്കും തിരമാലകൾ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന സുനാമിയോട് സമാനമായ ശക്തമായ തിരമാലകളാണിവ .കള്ളക്കടലിനു മുന്നോടിയായി കടൽ ആദ്യം ഉള്ളിലേക്ക് വലിയും. അതിനു ശേഷമാണ് വലിയ തിരമാലകൾ അടിക്കുക. എല്ലാ മാർച്ച്- ഏപ്രിൽ മാസങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത് .ഇതേസമയം കേരളത്തിൽ ആശങ്ക വേണ്ടെന്നും രണ്ട് ദിവസം കൂടി കടലേറ്റം തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.അപകട മേഖലയിലുള്ളവരോട് മാറിത്താമസിക്കാനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാനും ജില്ലാ കളക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.