കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടെ ബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജി….
കടുത്ത സാമ്പത്തിക പ്രതിസന്ധിയും, നിക്ഷേപകർ കയ്യൊഴിഞ്ഞതും അടക്കം പ്രശ്‌നങ്ങൾ കുന്നുകൂടുന്നതിനിടെ, എഡ് ടെക് കമ്പനിയായ ബൈജൂസിൽ നിന്ന് രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ കൂടി രാജി വച്ചു. ബൈജൂസിന്റെ ഉപദേശക സമിതിയിൽ നിന്ന് എസ്‌ബിഐ മുൻ മേധാവി രജനീഷ് കുമാർ, ഇൻഫോസിസ് മുൻ സിഎഫ്ഒ ടി വി മോഹൻദാസ് പൈ എന്നിവർ തങ്ങളുടെ കരാറുകൾ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ഇരുവരുടെയും ഒരുവർഷ കാലാവധി ജൂൺ 30 നാണ് അവസാനിക്കുന്നത്.
ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെ തങ്ങളുടെ തീരുമാനം രജനീഷ് കുമാറും, ടി വി മോഹനദാസ് പൈയും അറിയിച്ചു. നേരത്തെ കമ്പനി ബോർഡിൽ നിന്ന് നിരവധി പേർ രാജി വച്ചുപോയിരുന്നു. കമ്പനിയുടെ ഭാവിയിൽ ആശങ്ക പൂണ്ട നിക്ഷേപകരെ അനുനയിപ്പിക്കാൻ വേണ്ടിയാണ് ബൈജൂസ് ഉപദേശക സമിതി രൂപീകരിച്ചത്.
വായ്പാദാതാക്കൾ, മുഖ്യ ഓഹരി ഉടമകൾ എന്നിവരിൽ നിന്ന് യുഎസിലും ഇന്ത്യയിലുമായി നിരവധി കേസുകളാണ് കമ്പനി നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് പൈയും, കുമാറും വിട്ടുപോകുന്നത്. മാനേജ്‌മെന്റ് പിടിപ്പുകേടിന് ബൈജു രവീന്ദ്രനെ പുറത്താക്കണം എന്നാണ് വായ്പാ ദാതാക്കാളും ഓഹരി ഉടമകളും ആവശ്യപ്പെടുന്നത്.