കഞ്ചാവ് കടത്താന്‍ പണം നല്‍കിയ മൂന്നംഗ സംഘത്തെയും പിടികൂടി

വെള്ളറട: 50 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ പിടികൂടിയതിനു പിന്നാലെ കഞ്ചാവ് വാങ്ങാൻ കാശ് നൽകിയവരും പിടിയിൽ. രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വാങ്ങാന്‍ കാശ് നല്‍കിയ മൂന്നംഗ സംഘം പിന്നാലെ കാറില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ആദ്യം പിടികൂടിയ സംഘത്തിന്റ മൊബൈല്‍ ഫോണുകള്‍ വാങ്ങി പോലീസ് സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നാലെ രാത്രി കാറില്‍ വരികയായിരുന്ന മൂന്നഗ സംഘത്തെ വാഹന പരിശോധനയിൽ പോലീസ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് പത്താംകല്ല് വിളയില്‍ വീട്ടില്‍ അഫ്‌സല്‍ (30), അരുവിക്കര മഞ്ചാകുലച്ച തടത്തരികത്ത് വീട്ടിൽ അനസ് (34), നെടുമങ്ങാട് തടത്തരികത്ത് വീട്ടില്‍ രതീഷ് (30) എന്നിവർ ആണ് പോലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഞ്ചാവുമായി പിടിയിലായ ഹരിശങ്കര്‍, ശിവകുമാർ എന്നിവർക്ക് ഗൂഗിള്‍ പേ വഴിയാണ് കഞ്ചാവ് വാങ്ങാന്‍ ആവശ്യമായ മുപ്പതിനായിരം രൂപ നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി മണിക്കുട്ടന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബു കുറുപ്പ്, എസ് ഐമാരായ സുജിത്ത് ജി നായര്‍, ശശികുമാര്‍, സിവില്‍ പോലീസുകാരായ ദീപു, സനല്‍, സുനില്‍, ഷീബ, പ്രദീപ് ,ജയദാസ്, സജിന്‍ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധനകള്‍ നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button