കച്ചവടം തകര്‍ന്നു…മകളുടെ പഠനത്തിന് കൊടുത്ത പണം റെജി തിരിച്ചുതന്നില്ല….
പത്തനംതിട്ട: മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പദ്മകുമാര്‍. അടൂര്‍ കെഎപി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റ് വാങ്ങി നൽകാൻ ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഒരു ക്വട്ടേഷൻ സംഘത്തിൻറെ സഹായവും ലഭിച്ചുവെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മകുമാര്‍ തന്റെ ഭാര്യയെ സമ്മർദ്ദത്തിലാക്കിയായിരുന്നു തട്ടിക്കൊണ്ടുപോകൽ നടത്തിയത്. വാട്സ് ആപ്പ് വഴിയായിരുന്നു ഫോൺ വിളിയെല്ലാം. റോഡ് വീതി കൂട്ടുമ്പോൾ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. പക്ഷെ നല്ല കച്ചവടം നടന്നില്ല. സാമ്പത്തിക തകർച്ചയുണ്ടായപ്പോഴാണ് റെജിക്ക് പണം നൽകിയത്. ഈ പണം റെജി തിരികെ നൽകിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞുവെന്ന് പൊലീസിൽ നിന്ന് വിവരം ലഭിച്ചു.