കക്കയത്ത് വീണ്ടും തീപിടിത്തം…മൂന്നാമത്തെ തീപിടിത്തം….
കോഴിക്കോട് : കക്കയത്ത് വനഭൂമിയിലും ഇറിഗേഷൻ വകുപ്പിന്റെ ഭൂമിയിലും തീപിടിത്തം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണു കക്കയത്തിനു സമീപം തീപിടിത്തമുണ്ടായത്. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പഞ്ചവടിയിലും തീപിടിത്തമുണ്ടായി. പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നതിനുശേഷം മൂന്നാമത്തെ തീപിടിത്തമാണ് പ്രദേശത്തുണ്ടാകുന്നത്. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തിൽ അക്വേഷ്യ മരങ്ങൾക്കുൾപ്പെടെ തീപിടിച്ചിരുന്നു. ഇന്ന് അടിക്കാടുകളാണ് കത്തിയത്.
പഞ്ചവടിയിലെ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് വെച്ചുപിടിപ്പിച്ച മുളങ്കാടിനാണ് ഉച്ചയ്ക്ക് തീപിടിച്ചത്. മുള വെച്ചുപിടിപ്പിച്ചശേഷം ഈ പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണെന്നു നാട്ടുകാർ പറഞ്ഞു. തീ വ്യാപിക്കുന്നതിനു മുൻപ് അഗ്നിശമനസേന എത്തി അണച്ചു. അഗ്നിശമന സേനയുടെ മൂന്ന് വണ്ടികളാണ് കക്കയത്ത് തമ്പടിച്ചിരിക്കുന്നത്.