ഓണാട്ടുകരക്ക് നാളെ പുതുവർഷ പുലരി, കണിയൊരുക്കി കാർത്തിക ദർശനം
മാവേലിക്കര : ചെട്ടികുളങ്ങര ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടുതൊഴുന്ന കാർത്തിക ദർശനം നാളെ നടക്കും. അശ്വതി മഹോത്സവത്തോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവഘോഷങ്ങൾക്ക് സമാപനം കുറിച്ച ശേഷം ചെട്ടികുളങ്ങര ഭഗവതി അമ്മയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ കണ്ട ശേഷം മടങ്ങിയെത്തുന്ന കാർത്തിക നാളായ നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് കാർത്തിക ദർശനം.ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഇന്നലെ ആചാരപ്രകാരം ചെട്ടികുളങ്ങരയിലേക്ക് കൊണ്ടുവന്നു.രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കതിരുവാഭരണങ്ങളാണ് ഇവ. ഇവ ചാർത്തിയുള്ള ദേവീദർശനം ഭക്തർക്ക് അത്യപൂർവ കാഴ്ചയാണ്.കാർത്തിക ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന അന്നദാനം രാവിലെ 11 മുതൽ ഉണ്ടായിരിക്കും.