ഓണം ബമ്പർ എടുത്തോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ…
ഓണം ബമ്പർ എടുത്തോ ? സമ്മാനത്തുകയെ കുറിച്ചും മറ്റും ഇതിനോടകം ചർച്ച നടന്ന് കഴിഞ്ഞു. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചാലും നികുതിയും ഏജന്റ് കമ്മീഷനും കിഴിച്ച് കൈയിൽ കിട്ടുക 15.5 കോടി രൂപയാണ്. സമ്മാനത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. കൈയിലുള്ള ടിക്കറ്റിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ലോട്ടറി എടുത്താൽ മാത്രം പോര അതിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിയണം. ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം.
ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. 1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജന്റിന് സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.
സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫിസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.