ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി…സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ്…
25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് വയനാട്ടിലെത്തി. ബന്ധുക്കള്‍ക്കൊപ്പം കല്‍പറ്റയിലെ എസ്ബിഐ ബ്രാഞ്ചിലാണ് അല്‍ത്താഫ് എത്തിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറുന്നതിനായാണ് അല്‍ത്താഫ് എത്തിയത്. എസ്ബിഐയിൽ അല്‍ത്താഫിന്‍റെ പേരിൽ അക്കൗണ്ട് തുടങ്ങേണ്ടതുണ്ടെന്നും അതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
കല്‍പ്പറ്റ എസ്ബിഐയിലെത്തിയ അല്‍ത്താഫിനെ ബാങ്ക് മാനേജര്‍ സ്വീകരിച്ചു. തുടര്‍ന്ന് ലോട്ടറി ടിക്കറ്റ് ഉള്‍പ്പെടെ കൈമാറി. കേരളത്തെ വിശ്വാസമാണെന്നും ലഭിക്കുന്ന തുക കല്‍പ്പറ്റയിലെ ബാങ്കിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അല്‍ത്താഫിന്‍റെ സഹോദരൻ പറഞ്ഞു. അല്‍ത്താഫിന്‍റെ സഹോദരൻ മീനങ്ങാടിയിലാണ് താമസം. വല്ലാത്ത ടെന്‍ഷനുണ്ടെന്നും കിട്ടുന്ന തുക ഇവിടെ തന്നെ സൂക്ഷിക്കുന്നതാണ് എത്തിയതെന്നും സന്തോഷമുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു.
അല്‍ത്താഫും കുടുംബവും ലോട്ടറി കൈമാറാൻ താല്‍പര്യം അറിയിച്ച് ഇങ്ങോട്ടേക്ക് വിളിക്കുകയായിരുന്നുവെന്നും ആവശ്യമായ എല്ലാ നടപടികളും വേഗത്തിൽ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. കര്‍ണാടകയിലെ മെക്കാനിക്ക് ആണ് അല്‍ത്താഫ്.