ഓടുന്ന ബസ്സിനു മുന്നിൽ ചാടി… ഡ്രൈവിംഗ് സീറ്റിലും പരാക്രമം….
പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് വൈകിട്ട് 5ന് ജൂബിലി ജംഗ്ഷനിൽ എ.ബി.സി മോട്ടോഴ്സിന് സമീപത്ത് ബസ്സിനു മുന്നിൽ ചാടിയും ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു പരാക്രമം കാട്ടിയത്. തലക്കും കൈകൾക്കും പരുക്കുകളോടെ ഇയാളെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ ഡിവൈഡറിൽ ആയിരുന്നു ഇയാൾ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസ്സിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്ന ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചു വീഴുകയും ചെയ്തു. അൽപനേരം റോഡിൽ ഇരുന്ന ശേഷം ഇയാൾ ബസ്സിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് സ്റ്റിയറിങ്ങിലേക്ക് കാലുകൾ കയറ്റി വെച്ച് പരാക്രമം തുടർന്നു. പെരിന്തൽമണ്ണ പോലീസ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നത് വ്യക്തമല്ല.