ഓടിക്കൊണ്ടിരുന്ന ട്രെയിൻ നേരെ കല്ലെറിഞ്ഞ 2 യുവാക്കളെ ആർ.പി.എഫ് സംഘം അറസ്റ്റ് ചെയ്തു

മാവേലിക്കര- ഓടിക്കൊണ്ടിരുന്ന ട്രെയിൻ നേരെ കല്ലെറിഞ്ഞ തഴക്കര സ്വദേശികളായ 2 യുവാക്കളെ ചെങ്ങന്നൂർ ആർ.പി.എഫ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ന് മാവേലിക്കര റെയിൽവേ സ്റ്റേഷനും ചെറിയനാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് കല്ലേറുണ്ടായത്. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ എ.സി കോച്ചിന്റെ ജനൽ ചില്ലകൾ തകർന്നിരുന്നു. തുടർന്ന് പരിസര പ്രദേശങ്ങളിലുള്ള സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മാവേലിക്കര തഴക്കര സ്വദേശികളായ മീനത്തേതിൽ വീട്ടിൽ ദേവകുമാർ (24), ചങ്ങല വേലിയിൽ വീട്ടിൽ അഖിൽ.എസ് (25) എന്നവരാണ് പിടിയിലായത്. ആർ.പി.എഫ് ചെങ്ങന്നൂർ സി.ഐ എ.പി വേണുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എസ്.സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.പത്മകുമാർ, ആർ.ഗിരികുമാർ, ഹെഡ്കോസ്റ്റബിൾ വി.മനോജ്, സീനിയർ കോൺസ്റ്റബിൾമാരായ അരുൺ.എം കുമാർ, ഷൈബു.എസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. എ.സി കോച്ചിന്റെ ജനലുകൾക്ക് കട്ടികൂടിയ രണ്ട് ഗ്ലാസിന്റെ സംരക്ഷണം ഉള്ളതിനാലാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. റെയിൽവേ നിയമപ്രകാരം 5 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്ന് സി.ഐ എ.പി വേണു അറിയിച്ചു.

Related Articles

Back to top button