ഓം പ്രകാശിന് ജാമ്യം..പൊലീസ് ചേർത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം..മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യും…
ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ലഹരിക്കേസിൽ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവർ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. പ്രതികളുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെ കുറിച്ചും അന്വേഷിക്കുമെന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. അതേസമയം, ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു.



