ഒളിച്ചോടി വന്ന 15കാരിയെ കാമുകൻ വിറ്റു

തനിക്കൊപ്പം ഒളിച്ചോടി വന്ന പതിനഞ്ചുകാരിയായ കാമുകിയെ പണത്തിനായി വിറ്റ് യുവാവ്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരൻ കൂടിയായ യുവാവിന്‍റെ കൊടും ക്രൂരതയില്‍ നാടാകെ ഞെട്ടിയിരിക്കുകയാണ്. പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒരു പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ട പീഡനത്തേക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഗ്ര യൂണിറ്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെ മുന്നില്‍ വച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. പോക്സോ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടി ആഗ്രയിലെ ഒരു ഇറച്ചി യൂണിറ്റിന്‍റെ പാക്കേജിംഗ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. 22കാരനുമായി ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്. ജനുവരി 26ന് പെണ്‍കുട്ടി ഈ യുവാവിനൊപ്പം ഒളിച്ചോടി. 26ന് രാത്രി ഇവര്‍ ഒരുമിച്ച് താമസിച്ച ശേഷം പിറ്റേ ദിവസമാണ് പണത്തിന് പകരമായി പെണ്‍കുട്ടിയെ യുവാവ് ഒരു സ്ത്രീക്ക് വിറ്റത്. ഇവിടെ നിന്ന് മറ്റൊരു സ്ത്രീയുടെ അടുത്തേക്കാണ് പെണ്‍കുട്ടിയെ കൊണ്ട് പോയത്. വേശ്യാലയങ്ങളായി ഉപയോഗിച്ചിരുന്ന നിരവധി ഫ്ലാറ്റുകള്‍ ഈ സ്ത്രീയുടെ കൈവശമുണ്ടായിരുന്നു.

പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങിയ സ്ത്രീ തുടര്‍ന്ന് ജോലി വാങ്ങിത്തരാമെന്നും സഹായിക്കാമെന്നും വിശ്വസിപ്പിച്ച് നിരവധി ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കാണിച്ചാണ് ഇവര്‍ പെണ്‍കുട്ടിക്ക് വേണ്ടി ലേലം നടത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ഒരു സ്ത്രീയുടെ സഹായത്തോടെ ഈ സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാണ് പെണ്‍കുട്ടി പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും ബന്ധപ്പെട്ടത്.

Related Articles

Back to top button