ഒളിച്ചോടിയ മധ്യവയസ്ക ദമ്പതികൾ മരിച്ച നിലയിൽ
ഒളിച്ചോടിയ മധ്യവയസ്ക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. രാംനിവാസ് റാത്തോഡ് (44), ആശാ റാണി എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ലഖിംപുരിലാണ് സംഭവം.
രാംനിവാസ് റാത്തോഡിന്റെ ഭാര്യ നേരത്തേ മരിച്ചുപോയിരുന്നു. ഇയാൾക്ക് ഒരു മകളുണ്ട്. ആശാ റാണിക്ക് രണ്ടു പെൺമക്കളും ഒരു മകനുമുണ്ട്. ഈ വർഷം മേയിൽ ആശാ റാണിയുടെ മകനുമായി രാംനിവാസിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം ആശാ റാണിയുടെ വീട്ടിൽ രാംനിവാസ് പതിവായി പോകാറുണ്ടായിരുന്നു. തുടർന്ന് പ്രണയത്തിലായ ഇരുവരും സെപ്റ്റംബർ 23ന് ഒളിച്ചോടി. ആശാ റാണിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഇരുവരെയും കണ്ടെത്താൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ബന്ധം ബന്ധുക്കൾ എതിർത്തിരുന്നു. ഇതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.