ഒരു സ്ലാബ് മാറ്റാൻ രണ്ടര മാസം, ഒടുവിൽ കോട്ടതോടിന് മുകളിലെ സ്ലാബിന്റെ പണി തുടങ്ങി

മാവേലിക്കര-മിച്ചൽ ജംഗ്ഷൻ കടക്കാതെ പുതിയകാവിൽ നിന്നു വരുന്നവരുടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ എളുപ്പവഴിയായ കോട്ടതോടിന് മുകളിൽ സ്ലാബ് ഇട്ട റോഡ് രണ്ടര മാസങ്ങൾക്ക് ശേഷം നന്നാക്കന്നു. കമ്പി തകർന്ന സ്ലാബ് നിലനിർത്തി പൊട്ടിയ ഭാഗം മാത്രം മുറിച്ചുമാറ്റി പുതിയ സ്ലാബ് നിർമ്മിക്കുവാൻ മൈനർ ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഇന്ന് കരാറുകാരൻ പ്രവർത്തി ആരംഭിച്ചു. 35 വർഷത്തോളം പഴക്കമുള്ള സ്ലാബ് കഴിഞ്ഞ ആഗസ്റ്റ് 29 നാണ് തകർന്നത്. 30 ലതികം വീടുകളുടെ ഏക ഗതാഗത മാർഗം കൂടിയാണ് ഈ റോഡ്. ഇപ്പോഴും അപകടാവസ്തയിലായ സ്ലാബ് പൂർണ്ണമായും നീക്കാതെയാണ് മൈനർ ഇറിഗേഷൻ നിർമ്മാണ പ്രവർത്തനം നടത്തുന്നത്.

സ്ലാബ് തകർന്ന സംഭവം നഗരസഭയിൽ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. നിർമ്മാണ പ്രവർത്തനം ഉടനെ നടത്തണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ സെപ്റ്റംബർ 23ന് അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം പ്രഖ്യാപിച്ചു. സമരപരിപാടി ചൂണ്ടിക്കാണിച്ച് നഗരസഭ ചെയർമാൻ നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് കത്ത് നൽകുകയും തുടർന്ന് വിളിച്ച അടിയന്തര കൗൺസിലിൽ മുഴുവൻ കൗൺസിലർമാരും തകർന്ന സ്ലാബ് പൂർണമായി മാറ്റി പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഭരണകക്ഷി കൗൺസിലറും നഗരസഭ ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും നഗരസഭ എൻജിനീയർ അവധിയിൽ പോകുകയും ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു. ഈ സാഹചര്യത്തിലാണ് പൊട്ടിയ ഭാഗം മാത്രം മുറിച്ച് മൈനർ ഇറിഗേഷൻ ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടത്തുന്നത്.

45,000 രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കോൺക്രീറ്റ് സ്ലാബ് കാലപ്പഴക്കം ചെന്ന ജീർണാവസ്ഥയിലുള്ള നിലവിലെ കൽക്കെട്ടിന് മുകളിലാണ് നിർമ്മിക്കുന്നത്. നിർമ്മാണം നടക്കുന്നതിന്റെ താഴെ തന്നെ മാലിന്യങ്ങൾ കുന്നുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. ഇതൊന്നും നീക്കം ചെയ്യാതെയാണ് നിർമ്മാണ പ്രവർത്തനത്തിന് മുതിരുന്നത്. വിവരം അറിഞ്ഞെത്തിയ നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, കൗൺസിലർ അനിവർഗീസ് എന്നിവർ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും മാലിന്യം നീക്കം ചെയ്യുവാനും തോട്ടിലേക്ക് സ്ഥാപിച്ചിരിക്കുന്ന മാലിന്യ കുഴലുകൾ നീക്കം ചെയ്യുവാനും നിർദ്ദേശം നൽകുകയും ചെയ്തു. ഇത് അനുസരിച്ച് നടപടി എടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Related Articles

Back to top button