ഒരു മാസം കിട്ടുന്ന വാടക ഒരു ലക്ഷം.. വീട്ടുടമസ്ഥൻ കഴിയുന്നത് തെരുവിൽ… ജോലി….
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സ്വന്തമായി വീടുള്ള ഒരു മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ ഏറെ വിചിത്രമായി തോന്നും. തൻറെ സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് ഇയാൾ കഴിയുന്നത് തെരുവിലാണ്. ജോലി തെരുവിൽ ഭിക്ഷാടനം. വാടക ഇനത്തിലും ഭിക്ഷാടനത്തിലൂടെയും സമ്പാദിക്കുന്ന ഭീമമായ വരുമാനം മുഴുവനും മദ്യപാനത്തിനും മയക്കുമരുന്നിനുമായാണ് ഇയാൾ ചിലവഴിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ മനുഷ്യൻ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഇയാളുടെ ലണ്ടനിലുള്ള വീടിന് ഒരു മാസം ലഭിക്കുന്ന വാടക എത്രയാണെന്ന് കേട്ടാൽ നിങ്ങൾ വീണ്ടും അമ്പരക്കും. 1300 പൗണ്ടിനാണ് ഇയാൾ തൻറെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. അതായത് ഒരു മാസം ഇയാൾക്ക് വാടക ഇനത്തിൽ ലഭിക്കുന്നത് 1.1 ലക്ഷം രൂപയാണ്. തീർന്നില്ല, റെയിൽവേ സ്റ്റേഷനുകളിലും തെരുവുകളിലും കിടന്നുറങ്ങുന്ന ഇയാൾ ഭിക്ഷാടനത്തിലൂടെയും ഒരു വലിയ തുക സമ്പാദിക്കുന്നുണ്ട്. രാത്രി താമസത്തിന് ഒരു ഇടം കണ്ടെത്താൻ പണം തന്ന് സഹായിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ആളുകളോട് ഭിക്ഷ യാചിക്കുന്നത്. ഇങ്ങനെ ഇയാൾ സമ്പാദിക്കുന്നത് 200 മുതൽ 300 പൗണ്ട് വരെയാണ് ഒരു ദിവസം. അതായത് 16000 മുതൽ 25000 വരെ ഇന്ത്യൻ രൂപ.
ദ ടാബൂ റൂം എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവേ, താൻ യഥാർത്ഥത്തിൽ ഒരു വീടുള്ള ഭവനരഹിതനാണെന്ന് ലണ്ടൻ സ്വദേശിയായ ഡോം വെളിപ്പെടുത്തിയത്. കൗമാരകാലം മുതൽ തന്നെ താൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് ഇയാൾ യൂട്യൂബ് ചാനലിനോട് പറഞ്ഞത്. പതിമൂന്നാം വയസ്സിലാണ് താൻ ആദ്യമായി കഞ്ചാവ് ഉപയോഗിക്കുന്നതെന്നും പിന്നീട് അതൊരു ശീലമായതോടെ മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ചു തുടങ്ങിയതായും ഇയാൾ പറയുന്നു. പതിനാറാം വയസ്സിൽ ഹെറോയിനും ഉപയോഗിച്ചു തുടങ്ങിയതായി ഇയാൾ പറഞ്ഞു. ഇതിനിടയിൽ നിരവധി തവണ ഡി അഡിക്ഷൻ സെൻററുകളിൽ അഭയം തേടിയെങ്കിലും തൻറെ ലഹരി വസ്തുക്കളോടുള്ള ആസക്തിയെ നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചില്ലെന്നും ഇയാൾ പറയുന്നു.
തൻറെ ഒരു കാമുകി ഗർഭിണിയായപ്പോൾ അച്ഛൻ വാങ്ങി നൽകിയതാണ് ഈ വീട് എന്നാണ് ഡോം പറയുന്നത്. തൻറെ കുഞ്ഞിന് ഒരു കിടപ്പാടം വേണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് അച്ഛൻ ഇത്തരത്തിൽ ഒരു പ്രോപ്പർട്ടി വാങ്ങി തന്റെ പേരിൽ രജിസ്റ്റർ ചെയ്തത് എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, ഡോം ഇപ്പോൾ കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റയ്ക്കാണ് താമസം. തനിക്ക് ഒരു സാധാരണ ജീവിതം നയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും ഇയാൾ പറയുന്നു. യൂട്യൂബിൽ ഇയാളുടെ ജീവിതകഥ വൈറലായതോടെ ഇയാളെ എതിർത്തുകൊണ്ടും പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.