‘ഒരു പി ആര്‍ ഏജന്‍സിയേയും അറിയില്ല’..അഭിമുഖത്തിനായി ഇങ്ങോട്ടു സമീപിച്ചതായും മുഖ്യമന്ത്രി…

താനോ സര്‍ക്കാരോ ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൈസ പോലും സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദി ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്‍ന്നു നല്‍കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോള്‍, ഞാന്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നു. ഇതില്‍ എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

‘ഇന്റര്‍വ്യൂവിന് വേണ്ടി ഹിന്ദു ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറയുന്നത് ആലപ്പുഴയിലെ മുന്‍എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഇന്റര്‍വ്യൂ കൊടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് അറിയിച്ചു. ഒരു ഒറ്റപ്പാലംകാരിയായ ലേഖിക അടക്കം രണ്ടുപേര്‍ വന്നു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അന്‍വറിന്റെ കാര്യത്തില്‍ നേരത്തെ വിശദീകരിച്ചതിനാല്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞു. ഇന്റര്‍വ്യൂവില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ കൂടി കടന്നു വന്നിരുന്നു. പിന്നീടാണ് വന്നയാള്‍ ഏജന്‍സിയുടെ ആളാണെന്ന് അറിയുന്നത്.’

‘ ദേവകുമാറിന്റെ മകന്‍ ചെറുപ്പം മുതലേ അറിയാവുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണ് ഇന്റര്‍വ്യൂ നല്‍കിയത്. ഖേദം പ്രകടിപ്പിച്ചതില്‍ ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അവരുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് എനിക്കറിയില്ല. താന്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അറിയുകയുമില്ല. സര്‍ക്കാരും ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

Related Articles

Back to top button