ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും…വിചിത്ര വിശ്വാസങ്ങൾക്ക് അടിമ…ഫോറെൻസിക് പരിശോധന ഫലം ഇന്ന്….
അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിചിത്ര വിശ്വാസങ്ങൾക്ക് അടിമകളായിരുന്നെന്ന് പോലീസ് . പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും വിശ്വസിച്ചിരുന്നു .ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ നവീന്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പര്‍വതാരോഹണത്തിന് നവീന്‍ തയാറെടുത്തതിന്‍റെ തെളിവുകളും പൊലീസിന് ലഭിചട്ടുണ്ട് .
ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്‍റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍ നവീനും ഭാര്യയും പോയിരുന്നു. ഇവിടെ ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.പര്‍വതത്തിന് മുകളിലെ ജീവിതത്തെ കുറിച്ചും നവീന്‍ തിരക്കിയിരുന്നു. തിരിച്ചെത്തിയ നവീന്‍ പര്‍വതാരോഹണം നടത്താനുള്ള വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ടെന്‍റ്, പാത്രങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. ഇതെല്ലാം നവീന്‍റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
അതിനിടെ, മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പൊലീസ് അന്വേഷണ സംഘത്തിന് കൈമാറി. വിദഗ്ധനായ ഒരാൾ ഉണ്ടാക്കിയ മുറിവാണ് ശരീരത്തിൽ എന്നാണ് പോസ്റ്റം മോർട്ടം റിപ്പോർട്ടിലുള്ളത്.നവീന്റെ കാറില്‍ നിന്നും കണ്ടെത്തിയ ലാപ്‌ടോപിന്റെ ഫൊറന്‍സിക് പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടെ കേസിന്റ ചുരുളഴിയിക്കാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.