ഒമ്പത് വയസ്സുള്ള മകന്‍റെ മുന്നിൽ വെച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു…
ഒമ്പത് വയസ്സുള്ള മകന്‍റെ മുന്നിൽ വെച്ച് മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. മകനോടൊപ്പം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സൽമാനെന്ന മാധ്യമ പ്രവർത്തകനാണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സൽമാൻ ആക്രമിക്കപ്പെടുന്നത്. കൊലയാളികളെന്ന് സംശയിക്കുന്നവരെ കുറിച്ച് സൂചനയുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.