ഒപ്പം നിർത്താം: മലപ്പുറം കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി ആക്‌സസ് കഫേ പ്രവർത്തനം തുടങ്ങി…..
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാവാൻ മലപ്പുറം കളക്ടറേറ്റിൽ കഫേ പ്രവർത്തനം ആരംഭിച്ചു. ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഒപ്പം’ ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ ‘ആക്‌സസ് കഫേ’യാണ് കോൺഫറൻസ് ഹാളിന് മുൻവശം പ്രവർത്തനം തുടങ്ങിങ്ങയത്. ഭിന്നശേഷിക്കാരന് സ്ഥിര വരുമാനം നൽകുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് ഭിന്ന ശേഷി സൗഹൃദ കഫേകൾ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കാണു കഫേയുടെ നടത്തിപ്പു ചുമതല. ചാപ്പനങ്ങാടി പി എം എസ് എ എ വി എച്ച്എസ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ആദ്യത്തെ ആദ്യത്തെ കഫേ സ്‌പോൺസർ ചെയ്തത്. കാപ്പി, ചായ, ചെറുകടികൾ എന്നിവയാണ് കഫേയിൽ വിൽപന നടത്തുക. നടുവിൽ വീൽചെയറിൽ ഇരുന്ന് ചായ കൊടുക്കാനും ചെറുകടികൾ നൽകാനും സൗകര്യമാകുന്ന രീതിയിലാണു നിർമാണം.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ കഫേ പ്രവർത്തിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിന് മുൻവശം സ്ഥാപിച്ച കഫേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലനവും പിന്തുണയും നൽകി അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഒപ്പം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരം ‘ആക്‌സസ് കഫേ’കൾ ഭിന്നശേഷിക്കാർക്ക് നൽകാൻ ശ്രമിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു