ഒന്നര വയസുകാരിയുടെ കൊലപാതകം…കൂടുതൽ വിവരങ്ങൾ…കുഞ്ഞിനെ കൊന്നത് മാവേലിക്കരയിൽ വെച്ച്…

മാവേലിക്കര: ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. മാവേലിക്കരയിൽ വെച്ച് കൊല നടത്തിയശേഷം അവിടെനിന്ന് കാറില്‍ ഷൊര്‍ണൂരില്‍ തിരിച്ചെത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശില്‍പ മെസേജുകള്‍ അയച്ചിരുന്നതിനാല്‍ ഇത്തവണയും പങ്കാളി കാര്യമാക്കിയിരുന്നില്ലെന്നാണ് മൊഴി. സാധാരണ പോലെ വെറുതെ മെസേജ് അയക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍, കുഞ്ഞിനെ ശില്‍പ കൊലപ്പെടുത്തുകയായിരുന്നു.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞിനെ കൊണ്ട് അമ്മ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിച്ച സമയം കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് കുഞ്ഞിന്‍റെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ശില്പയുമായി ഷൊർണ്ണൂർ പോലീസ് മാവേലിക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Related Articles

Back to top button